2011 ഓഗസ്റ്റ് 24, ബുധനാഴ്ച
ലിവിങ് ടുഗദര്‍... ഉടമ്പടിയില്ലാത്ത ഉന്മാദം
ഒരു ജീവന് എവിടെയാണ്, തുടങ്ങുന്നത്? അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആകൃതിയൊന്നുമിലാതെ ചുരുണ്ടു കൂടി കിടന്നപ്പോഴോ, അതോ വാതുറന്ന് കരഞ്ഞു കൊണ്ട് ഈ ഭൂമിയില്‍ പിറന്നു വീണപ്പൊഴോ? അതോ രണ്ട് കോശങ്ങള്‍ ഒന്നായി മാറി അത് വിഭജിച്ചു തുടങ്ങിയപ്പോഴോ? എപ്പോഴായാലും ഒന്ന് സത്യമാണ്, ജനനം, മരണം, ഇതൊക്കെ ചാക്രികമാണ്, നടന്നേ തീരൂ. ഇതുപോലെ പ്രണയം, വിവാഹം, കുഞ്ഞുങ്ങള്‍, മാതാപിതാക്കള്‍, കരിയര്‍, ഇതൊക്കെ ഏത് ചെറുപ്പക്കാരെ സംബന്ധിച്ചും വളരെ പ്രധാനമാണ്. പ്രത്യേകിച്ച് വിവാഹം ഒരാളുടെ ജീവിതത്തെ ഏതൊക്കെ രീതിയിലൂടെയാണ്, മാറ്റുന്നതെന്ന് അനുഭവിച്ചു തന്നെ അറിയണം.
വളരെ പരമ്പരാഗത രീതിയിലാണ്, നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക വിവാഹങ്ങളും നടക്കുന്നത്. അതിനി ഏതു മത വിശ്വാസങ്ങളില്‍ പെട്ടവരാണെങ്കിലും മാതാപിതാക്കളുടെ അനുഗ്രഹത്തോടെ അവരുടെ സാന്നിദ്ധ്യത്തില്‍ വിശ്വാസപ്രകാരം ഒന്നാകുന്നു, വളരെ പുണ്യമായ ഒരു ചടങ്ങായാണിതിനെ പണ്ടു മുതലേ കരുതി പോരുന്നതും, കാരണം, രണ്ട്പേരുടെ അല്ല, രണ്ട് കുടുംബങ്ങളുടെ ഒരു കൂടിച്ചേരല്‍ കൂടിയാണല്ലോ, അത്. പിന്നീട് പ്രണയം യുവത്വത്തില്‍ അതിന്റെ കാറ്റ് ശക്തിയായി വീശി തുടങ്ങിയപ്പോള്‍ പലരും വഴിമാറി ചിന്തിച്ചു തുടങ്ങി. ജാതി, മതം, സാമ്പത്തികം തുടങ്ങിയ പ്രശ്നങ്ങള്‍ കൊണ്ട് ഒട്ടുമിക്ക പ്രണയങ്ങളും മാതാപിതാക്കളുടെ മുന്നില്‍ തൂത്തെറിയപ്പെട്ടിരുന്നു. ചിലര്‍, പഴയതു മറന്ന് പുതിയൊരു ജീവിതം സ്വീകരിക്കും, മറ്റു ചിലര്‍ കമിതാവിന്റെ കൂടെ ഒളിച്ചോടി പ്രണയ നിര്‍വൃതി കൊള്ളും, ഒട്ടുമിക്ക ഒളിച്ചോട്ടങ്ങളും, മാതാപിതാക്കള്‍ എതിര്‍ക്കുമെങ്കിലും പിന്നീട് ഒരു കുട്ടിയൊക്കെ ആകുമ്പോഴേക്കും വെറുപ്പ് മെല്ലെ അലിഞ്ഞു തുടങ്ങും കാരണം, ഒരു അച്ഛന്, ഒരു മകന്, മകള്‍ എന്ന സ്ഥാനത്തേക്കാള്‍ വലുതാണ്, പേരക്കുട്ടികള്‍ എന്ന സ്ഥാനം(പക്ഷേ ഇവിടെ അങ്ങനെ ഒരു ചാന്‍സും ഇല്ല, കാരണം ലിവിങ് ടുഗദറില്‍ ജീവിക്കുന്ന ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും കുട്ടികളില്‍ താല്‍പ്പര്യമില്ല.). അവിടെയായിരുന്നു പല കാരണവന്മാരുടേയും വെറുപ്പുകള്‍ ഉരുകി വീണു കൊണ്ടിരുന്നത്. പക്ഷേ പിന്നീട് വീണ്ടും കാലം മാറി, പ്രണയ വിവാഹം ഇന്ന് ഒട്ടുമിക്ക മാതാപിതാക്കള്‍ക്കും ഒരു വേദനയല്ല, കാലം മാറൈയതനുസരിച്ച് ഒരു വിധം നല്ലൊരു ശതമാനം മാതാപിതാക്കളും അതിനെ അംഗീകരിച്ചു കഴിഞ്ഞു, കാരണം, കുട്ടികളുടെ വ്യക്തിത്വവും തങ്ങളുടെ അടിച്ചേല്‍പ്പിക്കലും രണ്ടാണെന്ന് ഇന്നത്തെ മാതാപിതാക്കള്‍ക്കറിയാം.
എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് നമ്മുടെ കോലം മാറി വന്നപ്പോള്‍ എന്താണു നമ്മുടെ പൈതൃകം, എന്താണ്, സ്നേഹം, ഉത്തരവാദിത്തം എന്നൊക്കെ പോസ്റ്റ് മോഡേണ്‍ യുവതലമുറ മനസ്സിലാക്കാതെ പോകുന്നുവെന്ന് അവരുടെ പ്രവൃത്തികള്‍ തെളിയിക്കുന്നു. ഒരു സിനിമാ കഥയാണ്, കേള്‍ക്കുക, സിനിമയുടെ പേര്, കളിവീട്. നായകന് പരാജയപ്പെട്ട ആദ്യ വിവാഹത്തിന്റെ കുറ്റം ചാരുന്നത് ഭാര്യയുടെ തലയില്‍, തന് നിരപരാധിയാണെന്ന് നാട്യത്തില്‍ പിന്നീട് പരിചയപ്പെട്ട ഒരു സ്ത്രീയുമായി ലിവിങ് ടുഗദറില്‍ ഏര്‍പ്പെടുകയാണ്. എന്താണ്, ഈ ലിവിങ് ടുഗദര്‍ എന്നല്ലേ, പരസ്പരം ഇഷ്ട്ടപ്പെട്ടവര്‍ മറ്റാരുടേയും സമ്മതമില്ലാതെ ഒരു വിവാഹ ഉടമ്പടി പോലുമില്ലാതെ ഒന്നിച്ചു കഴിയുന്നതാണ്, ലിവിങ് ടുദഗര്‍. ഇതൊരു പ്രൊബേഷനറി പീരീഡാണ്( സിനിമയിലെ നായികയുടെ കണ്ടെത്തലാണേ...), പരസ്പരം നന്നായി പോകുന്നുണ്ടെങ്കില്‍ എന്നേയ്ക്കും ഒന്നിച്ചു ജീവിക്കാം അല്ലെങ്കില്‍ കുറച്ചു നാളത്തെ വാസത്തിനു ശേഷം പിരിയാം. സിനിമയില്‍ നായികയുടെ അഹങ്കാരം സഹിക്കാനാകാതെ നായകന് സഹികെട്ടെന്നതു കഥാന്ത്യം. പക്ഷേ ഇത് സിനിമയിലല്ല, നമ്മുടെ ഈ കൊച്ചു കേരളത്തിലും നടക്കുന്നുണ്ട്. വലരെ കുറച്ചു പേരേ ഈ രീതിയിലുള്ള ജീവിതം ജീവിക്കുന്നു എന്ന് കരുതാം പക്ഷേ ഇതില്‍ പതുങ്ങിയിരിക്കുന്ന അപകടം മറ്റൊന്നാണ്, ഈ രീതിയെ ആരാധനയോടെ പുറത്തു നിന്നു നോക്കുന്ന ഒരുപാട് ചെറുപ്പകാര്‍. ഇപ്പോള്‍ അതത്ര പുത്തരിയൊന്നുമല്ലെന്ന് ചിലരെങ്കിലും പറയുമായിരിക്കും, അതേ പുത്തരി അല്ലാത്തതാണ്, കുഴപ്പം.
ലിവിങ് ടുഗദര്‍ ആയി ജീവിക്കുന്നവര്‍ അതിനെ അംഗീകരിക്കാനുള്ള പ്രധാന കാരണം, ഉത്തരവാദിത്തങ്ങളില്ലാത്ത ഒരു ജീവിതം എന്നതാണ്. ഒരാള്‍ക്കു മാത്രമായി ഒരു ഉത്തരവാദിത്ത്വവും ഇവിടെ ഇല്ല, കാരണം പുറത്ത് മറ്റുള്ളവര്‍ക്കു മുന്നില്‍ ഇവര്‍ രണ്ടും രണ്ട് വ്യക്തിത്വങ്ങള്‍ മാത്രമാണ്, ഒരു കൂരയ്ക്കു താഴേ ഒരുമിച്ച് വരുമ്പോള്‍ മാത്രം ഇണകള്‍. പരസ്പരം ഇഷ്ടപ്പെടുന്ന ആണിനും പെണ്ണിനും(പ്രായപൂര്‍ത്തിയായവര്‍ക്ക്) ഒരുമിച്ച് താമസിക്കാനുള്ള അനുവാദം നിയമം നല്‍കുന്നുണ്ട്, ഇതാണ്, ലിവിങ് ടുഗദര്‍ എന്ന ആശയത്തിന്റെ കച്ചിത്തുരുമ്പ്. എന്നാല്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് മഹത്തായ ഒരു സംസ്കാരത്തിന്മേലുള്ള കടന്നു കയറ്റമാണിതെന്ന് പലരും അഭിപ്രായപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ വളരെയടുത്ത് ഒരു ചാനലില്‍ ലിവിങ് ടുഗദര്‍ അനുകൂലികളെ ഉള്‍പ്പെടുത്തി ഒരു സംവാദ പരിപാടിയും കണ്ടു, കണ്ടിട്ട് നാട്ടിന്‍പുറത്തുകാരിയായ ഒരു പ്ലസ് ടുക്കാരി പറഞ്ഞത്, ഇവര്‍ക്കൊക്കെ എന്തിന്റെ കേടാന്ന് മനസ്സിലായില്ല, അല്ല ഇതൊക്കെ പുറത്തു കൊണ്ടു വരുന്ന ചാനലിനെ വേണം പറയാന്‍, കാണാന്‍ കാത്തിരുന്നതു പോലെ ഇതിനെ പറ്റി അറിയാത്ത പല ചെറുപ്പക്കാരും ഇനി ഇതൊരു മറയാക്കും. സത്യമാണ്, ആ പെണ്‍കുട്ടി പറഞ്ഞത്, കാരണം അവളുടെ തൊട്ടടുത്ത സ്കൂളിലാണ്, പ്ലസ്ടു വിനു പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ ഗര്ഭിണീകളായത്. അവരുടെ കൂടെ പഠിക്കുന്ന കുട്ടികള്‍ തന്നെയാണ്, കാരണമെന്നും അവള് പറഞ്ഞു. ഇതൊക്കെ കേട്ടു കഴിഞ്ഞ് ആ പെണ്‍കുട്ടിയുടെ അമ്മയുടെ മുഖത്തുണ്ടായ വേദന ഇന്നും മനസ്സിലിരിക്കുന്നു. പ്രായപൂര്‍ത്തിയാകാറായ മകളാണ്, കൂടെ പഠിക്കുന്ന ഒരാളുമായി കുട്ടി പ്രണയത്തിലായാല്‍ , നാലെ അവള് അവനോടൊപ്പം ലിവിങ് ടുഗദര്‍ എന്നും പറഞ്ഞ് ജീവിച്ചു തുടങ്ങിയാല്‍, ആ ബന്ധത്തിന്റേ ആയുസ്സെത്രയെന്ന് ആ അമ്മയ്ക്ക് മനസ്സിലാകും. ഇത് ഒരന്നയുടെ വേദനയല്ല മറിച്ച് ഇനി വരാന്‍ പോകുന്ന കാലത്ത് അമ്മമാരുടെ വേദനകളാണ്.
ബന്ധങ്ങളുടെ വില ഇത്രയൊക്കെയേ ഇനിയത്തെ കാലത്ത് കാണൂ എന്ന് മറ്റൊരമ്മ പരിതപിക്കുന്നു. പരസ്പരം കാണാതെ വിവാഹം കഴിക്കുന്ന സമ്പ്രദായം പണ്ട് കേരളത്തിലുണ്ടായിരുന്നു, പക്ഷേ അന്നത്തെ കാലത്ത് ഇന്നത്തെ അത്ര കുടുംബ ശൈഥില്യം ഉണ്ടായിരുന്നില്ല. പക്ഷേ ഇന്നോ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം ഡിവോഴ്സ് വാങ്ങുന്നവരാണ്, അധികവും. ഈ ഡിവോഴ്സ് ഒഴിവാക്കുന്നതിനു വേണ്ടി, ഞങ്ങള്‍ ലിവിങ് ടുഗദറില്‍ ഏര്പ്പെട്ടൂടെ, പരസ്പരം സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഡിവോഴ്സ് എന്ന പ്രശ്നം ഇല്ലാതെ തന്നെ ഒഴിയാമല്ലോ... ഒന്നു ചോദിക്കട്ടെ, എന്തു കൊണ്ടാണ്, നമ്മുടെ യുവതലമുറ ഇങ്ങനെ നട്ടെല്ലില്ലാതെ ചിന്തിക്കുന്നത്. , എന്തുകൊണ്ടാണ്, അവര്‍ പ്രശ്നങ്ങളെ ഭയക്കുന്നത്, ഒരു പ്രശ്നം പരിഹരിക്കേണ്ടതിനു പകരം ഡിവോഴ്സ് വരെ കൊണ്ടു ചെന്ന് എത്തിക്കുക, അതിനു പരിഹാരം ലിവിങ് ടുഗദറും. ഒന്നാമത്തെ പ്രശ്നം പരസ്പരമുള്ള വിശ്വാസമില്ലായ്മയാണ്, പിന്നെ അമിതമായ സ്വാതന്ത്ര്യദാഹം. എനിക്ക് എന്റെ ശരികളുണ്ട് അത് അയാള്‍ വക വച്ചു തരുന്നില്ല പിന്നെ ഞാനെങ്ങനെ അവനോടൊത്ത് ജീവിക്കും.... ശരിയാണ്, പക്ഷേ ഇവിടെ ആ ഭര്‍ത്താവ് നല്ലൊരു കൂട്ടുകാരനായാല്‍, പരിഹരിക്കാവുന്നതേയുള്ളൂ ആ പ്രശ്നം അതിനു ആദയം ഭാര്യ നല്ലൊരു കൂട്ടുകാരിയും ആകണം, പക്ഷേ ഇവിടെ എല്ലാവരും കൂട്ടുകാരാണ്, അവര്‍ മാത്രമായി പോകുന്നു, ഭാര്യാഭര്ത്താക്കന്മാരാകാന് മറന്നു പോകുന്നു ഇവിടെയാണ്, കുഴപ്പം. ഇരുകൂട്ടര്‍ക്കും ശരികളുണ്ടെന്നും, കുറവുകളുണ്ടെന്നും മനസ്സിലാക്കിയാല്‍ ഉള്‍ക്കൊണ്ടാല്‍ സുഖമായി ജീവിക്കാവുന്നതേയുള്ളൂ വിവാഹ ജീവിതം. ലിവിങ് റ്റുഗദര്‍ അതിനു ഒരു പരിഹാരമേയല്ല. കാരണം അത് നമ്മുടെ സംസ്കാരത്തിനു ഒട്ടും ചേരുന്നതല്ല തന്നെ.
വൈദേശീയ സംസ്കാരം നല്ലതാണ്, അത് അവര്‍ക്ക്. പക്ഷേ ഭാരതം എന്നും അറിയപ്പെടുന്നത് ഇവിടുത്തെ സംസ്കാരിക പ്രത്യേകതകള്‍ കൊണ്ടാണ്. അനുകരണം നല്ലതു തന്നെ വിദേശീയര്‍ നമ്മുടെ നല്ല ശീലങ്ങള്‍ പലതും അനുകരിക്കാറുമുണ്ട്, പക്ഷേ നാം അവരില്‍ നിന്ന് കടമെടുക്കുന്നത് നമ്മുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നവയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)

